ഭാര്യാഭര്‍ത്താക്കന്‍മാര്‍ക്ക് മാത്രം


ഭര്‍ത്താവിന് തന്നോടുള്ള സ്‌നേഹത്തില്‍ സ്ത്രീ സംശയിച്ചാല്‍ അവള്‍ക്ക് സ്വന്തത്തിലുള്ള വിശ്വാസം നഷ്ടപ്പെടുന്നു. അവളുടെ സൗന്ദര്യം, പെരുമാറ്റം, സംസാരം, ജീവിത ശൈലികള്‍ ഇവയിലൊക്കെ അവള്‍ക്ക് ആത്മവിശ്വാസം നഷ്ടപ്പെടുന്നു. എന്തുകൊണ്ടെന്നെ സ്‌നേഹിക്കുന്നില്ല എന്ന ചോദ്യം അവളെ നിരന്തരമായി അലട്ടുന്നു. അവളെ വിവാഹമോചനത്തിലെത്തിക്കാന്‍ പിശാച് നിരാശനാവാതെ പണിതുടരുന്നു. അയാള്‍ മറ്റൊരുത്തിയെ വിവാഹം ചെയ്തിട്ടുണ്ട്, അല്ലെങ്കില്‍ വിവാഹം ചെയ്യാനുദ്ദേശിക്കുന്നുണ്ട് എന്നൊക്കെ അവള്‍ സംശയിക്കും. അദ്ദേഹത്തിന്റെ പോക്കുവരവുകളിലും ഫോണ്‍ വിളികളിലും തുടങ്ങി എല്ലാ പ്രവര്‍ത്തനങ്ങളിലും സംശയത്തിന്റെ കണ്ണുകള്‍ ചെന്നെത്തും. ജീവിതം സംശയത്തിന്റെ നിഴലിലാകുമ്പോള്‍ അത് മാനസിക പ്രയാസങ്ങള്‍ക്കും വിവിധ ശാരീരിക പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു.

മേല്‍ പറഞ്ഞ കാര്യങ്ങള്‍ ഭര്‍ത്താവിനെയും പ്രയാസപ്പെടുത്തുന്നു. തന്റെയും മക്കളുടെയും ജീവിതത്തിന്റെ തെളിമയെ കലക്കുന്നവളായി അയാള്‍ ഭാര്യയെ കാണുന്നു.
ഇതിനൊരു പരിഹാരമെന്താണ്? കേവലം സംശയത്തിന്റെ മേല്‍ രൂപപ്പെടുന്ന ഈ നരകത്തില്‍ നിന്ന് എങ്ങനെ ഓടിയകലാം? സംശത്തെ ശക്തിപ്പെടുത്തുന്ന തെളിവുകളില്ലെങ്കില്‍ സംശയം ശക്തിപ്പെടുകയില്ല. പലപ്പോഴുമത് ഉദ്ദേശ്യപൂര്‍വമായിരിക്കില്ല. ഭാര്യയോടുള്ള തന്റെ സ്‌നേഹം പ്രകടമാക്കുന്നതിനുള്ള നിസ്സാരമായ വഴികള്‍ ചില ഭര്‍ത്താക്കന്‍മാര്‍ അവഗണിക്കുന്നു. അവ സംശയത്തിന്റെ വഴികള്‍ അടക്കുകയും തെറ്റിധാരണയുടെ കാര്‍മേഘങ്ങളെ അകറ്റുകയും ചെയ്യുന്നു. ദാമ്പത്യ ജീവിതം സന്തുഷ്ടമാകുന്നതില്‍ വളരെ പ്രാധാന്യമുള്ളവയാണ് അക്കാര്യങ്ങള്‍.

ദമ്പതികള്‍ക്കിടയില്‍ യഥാര്‍ത്ഥ സ്‌നേഹം നിലനില്‍ക്കുന്നില്ലെങ്കില്‍ പോലും ഇണയുടെ അവകാശങ്ങള്‍ സ്‌നേഹവും ആദരവും തോന്നിപ്പിക്കുന്ന തരത്തില്‍ നല്‍കുന്നതിനുള്ള ശ്രമത്തിലൂടെ അത് സാധ്യമാകും. ബാധ്യതകള്‍ നിറവേറ്റാതിരിക്കുകയോ, മോശമായി പെരുമാറുകയോ ചെയ്യലല്ല സ്‌നേഹമില്ലായ്മ കൊണ്ടുദ്ദേശിക്കുന്നത്. ഇവയെല്ലാം ദമ്പതികള്‍ക്കിടയില്‍ സന്തോഷം ഉണ്ടാക്കുന്നതിന് സഹായിക്കുന്ന എളുപ്പമുള്ള കാര്യങ്ങളാണ്. അവര്‍ പരസ്പരം സ്‌നേഹിക്കുന്നവരല്ലെങ്കില്‍ പോലും അതിന്റെ അത്ഭുതകരമായ ഫലങ്ങള്‍ ജീവിതത്തില്‍ കാണും.

നിന്റെ മനസിനെ ശാന്തവും ഹൃദയത്തെ വിശാലവുമാക്കാനുള്ള അവസരമായിരിക്കുന്നു. അവയില്‍ നിനക്ക് കഴിയുന്നതെല്ലാം നിര്‍വഹിക്കുക. കഴിയുന്നെടത്തോളം ശ്രമിക്കുക. ഇത്തരം പ്രവര്‍ത്തനങ്ങളുടെ പൊള്ളത്തരവും പ്രയോജനകുറവും കാണിച്ച് പിശാച് നിന്നില്‍ സ്വാധീനം ചെലുത്താന്‍ അനുവദിക്കരുത്. അത് ഭാര്യയുടെ അടുത്ത് നിന്റെ വിലകുറക്കുമെന്ന് പിശാച് നിന്നെ ഉപദേശിക്കും. അവയെ ഒഴിവാക്കാനുള്ള വാതില്‍ നിനക്ക് മുമ്പില്‍ തുറക്കുകയും ചെയ്യും.
പിശാചിനെ സൂക്ഷിക്കുക. ദമ്പതികളെ വേര്‍പിരിക്കുന്നവരാണ് പിശാചിന്റെ ഏറ്റവും അടുത്ത സഹായികളും ഉറ്റബന്ധുക്കളും. സദാ സമയവും നീ അല്ലാഹുവില്‍ അഭയം തേടുക. സന്തുഷ്ടവും കെട്ടുറപ്പുള്ളതും പരസ്പരം സ്‌നേഹിക്കുന്നതുമായ ഒരു കുടുംബം കെട്ടിപ്പടുക്കുന്നതിന് അല്ലാഹുവെ തൃപ്തിപ്പെടുക. ഈ കുടുംബത്തില്‍ നിങ്ങള്‍ക്കും ഇണക്കും വിശുദ്ധി നല്‍കുന്നു. പിശാച് തുറക്കുന്ന കുഴപ്പത്തിന്റെ വാതിലുകളെ അത് അടക്കുകയും മക്കളുടെ സുരക്ഷ ഉറപ്പ് വരുത്തുകയും ചെയ്യുന്നു.

അവളുടെ ഇഷ്ടങ്ങള്‍ സാധിച്ചു കൊടുക്കുക
നിന്റെ ഭാര്യയുടെ ഇഷ്ടങ്ങള്‍ എന്താണെന്ന് നീ അറിയുകയും അത് സാധിച്ചു കൊടുക്കാന്‍ ശ്രമിക്കുകയും വേണം. അവള്‍ക്കിഷ്ടമില്ലാത്ത കാര്യങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുകയും ചെയ്യുക. എത്രയെത്ര ഇഷ്ടങ്ങളാണ് സന്തുഷ്ട ദാമ്പത്യത്തിന്റെ ഉച്ചിയില്‍ എത്തിക്കുന്നത്. എന്നാല്‍ ഭര്‍ത്താവ് അവയെങ്ങനെ തിരിച്ചറിയും? എങ്ങനെയത് നിര്‍വഹിക്കും? ദമ്പതികള്‍ പരസ്പരം മനസിലാക്കാത്തതിന്റെ പേരില്‍ എത്രയെത്ര പ്രശ്‌നങ്ങളാണ് ഉണ്ടാവുന്നത്.

വളരെ നിസ്സാരമായ ഒരു ചോദ്യം, എന്നാല്‍ അത് ഭാര്യയുടെ മനസിലുണ്ടാക്കുന്ന സ്വാധീനം വളരെ വലുതാണ്. വളരെ പെട്ടന്ന് തന്നെ ആ സന്തോഷം അവളുടെ മുഖത്ത് നിന്ന് നിനക്ക് വായിച്ചെടുക്കാനുമാകും. നീ പുഞ്ചിരിച്ച് കൊണ്ട് പ്രേമാഗ്നിയോടെ 'നീയെന്താണ് ആഗ്രഹിക്കുന്നത്?' എന്ന ചോദ്യമാണത്. ആദ്യത്തില്‍ നിനക്കുത്തരം നല്‍കാതിരുന്നേക്കാം. തന്നെ പരിഹസിക്കുയാണോ എന്ന ഊഹത്തില്‍ അതിനെ സത്യസന്ധമായെടുക്കാത്തതായിരിക്കും അതിന് കാരണം. പ്രത്യേകിച്ചും ഇത്തരം ചോദ്യം പതിവില്ലാത്ത ദമ്പതികള്‍ക്കിടയില്‍.

സഹോദരാ, നീ നിരാശനാകരുത്, ക്ഷമിക്കുക. പുഞ്ചിരിയോടും താഴ്മയോടും ചോദ്യം ആവര്‍ത്തിക്കുക. അല്ലാഹുവിന് വേണ്ടി താഴ്ന്ന് കൊടുക്കുന്നവനെ അല്ലാഹു ഇഷ്ടപ്പെടുന്നു. ഈ ചോദ്യത്തിലൂടെ അവളില്‍ നിനക്കുണ്ടാകുന്ന സ്ഥാനവും മഹത്വവും ചിത്രീകരിക്കാന്‍ എനിക്കാവില്ല. അവള്‍ നിന്നെ സ്‌നേഹിക്കുന്നത് വരെ നീ ചോദ്യം ആവര്‍ത്തിക്കുക. അവളില്‍ നിന്ന് മറുപടി വൈകുന്നത് നിന്റെ സത്യസന്ധത ഉറപ്പാക്കുന്നതിനാണ്. അല്ലെങ്കില്‍ അതിന്റെ അടയാളങ്ങള്‍ നിന്നില്‍ കാണാനാണ്. സ്ത്രീകള്‍ ഇഷ്ടപ്പെടുന്ന ഒരു സ്വഭാവമാണത്. നിന്നില്‍ നിന്നല്ലാതെ ആരില്‍ നിന്നാണത് പ്രതീക്ഷിക്കുക.

തനിച്ച് ശാന്തതയോടെയിരിക്കുന്ന നിമിഷങ്ങളില്‍ നീ ചോദിക്കുക. അവളുടെ മൂന്ന് ആഗ്രഹങ്ങള്‍ ചോദിക്കുകയാണ് അതില്‍ നല്ലത്. അതില്‍ നിനക്ക് കഴിയുന്ന ഒന്ന് സാധിച്ചു കൊടുക്കുന്നതിനാണത്. അവളുടെ മൂന്ന് ആഗ്രഹങ്ങളില്‍ ഒന്ന് തെരെഞ്ഞെടുക്കാനുള്ള അവസരം നിനക്ക് നല്‍കുകയാണത് ചെയ്യുന്നത്. അപ്രകാരം തന്നെ അവളുടെ ഇഷ്ടങ്ങളെ തിരിച്ചറിയാനും അവ സാക്ഷാല്‍കരിക്കാനുമുള്ള അവസരം നിനക്ക് ലഭിക്കുകയും ചെയ്യുന്നു. വളരെ വലിയ സ്വാധീനമാണ് അതവളില്‍ ഉണ്ടാക്കുക. ഇവിടെ ഇഷ്ടങ്ങള്‍ കൊണ്ടുദ്ദേശിക്കുന്നത് വൈകാരികവും ഭൗതികവുമായ എല്ലാ ഇഷ്ടങ്ങളുമാണ്.

അവളെ ആട്ടിയകറ്റരുത്
ഇത് സ്ത്രീകളില്‍ വളരെയധികം ദേഷ്യം ഉണ്ടാക്കുന്ന ഒന്നാണ്. തന്റെ ഭര്‍ത്താവ് തന്നെ നിന്ദിക്കുന്നുവെന്ന തോന്നല്‍ അവളുടെ പ്രവര്‍ത്തനങ്ങളെ ബുദ്ധിയില്‍ നിന്നും അകറ്റുന്നു. പല ഭര്‍ത്താക്കന്‍മാരും ചെയ്യുന്ന കാര്യമാണിത്. ചില സ്ത്രീകള്‍ ചെയ്യാനുദ്ദേശിച്ച കാര്യം പോലും ഉപേക്ഷിക്കുകയും എതിര്‍ക്കുകയും ചെയ്യുന്നു.
ദാമ്പത്യത്തിലെ പ്രയാസങ്ങളെ അകറ്റി സന്തോഷകരമായ ജീവിതത്തിനായി ആഗ്രഹിക്കുന്നവര്‍ താന്‍ ഭാര്യയെ നിന്ദിക്കുന്നുവെന്ന തോന്നല്‍ അവരിലുണ്ടാക്കരുത്. മറിച്ച് അവളെ ആദരിക്കുകയും പിന്തുണക്കുകയും ചെയ്യുന്നയാളെയാണ് അവള്‍ക്കാവശ്യം. തന്റെ സ്‌നേഹിതനും പ്രിയപ്പെട്ടവനുമായിട്ടാണ് അവള്‍ക്കനുഭവപ്പെടേണ്ടത്. ജീവിത പങ്കാളിയും വഴികളില്‍ സഹയാത്രികയുമായിട്ടാണ് അവളെ കാണേണ്ടത്. ഇനി വല്ലകാര്യവും ചെയ്യുന്നതില്‍ അവള്‍ വീഴ്ച്ച വരുത്തിയാല്‍ അത് ചെയ്യാന്‍ അവള്‍ക്കാഗ്രഹമുണ്ടായിട്ടും അനിവാര്യമായ കാരണത്താല്‍ കഴിഞ്ഞില്ല എന്നാണ് കരുതേണ്ടത്. വാക്കുകള്‍ കൊണ്ട് അവളെ ആദരിക്കുന്നത് പോലെ തന്നെ പ്രവര്‍ത്തനങ്ങളാലും ആദരിക്കണം. അവളുടെ ആവശ്യങ്ങള്‍ക്ക് യാതൊരു വിലയുമില്ല എന്ന് തോന്നുന്ന രൂപത്തില്‍ അവയെ അവഗണിക്കരുത്. അവളെ പ്രശംസിക്കണം. അതിന്റെ സ്വാധീനം അവളുടെ ഹൃദയത്തിലായിരിക്കും. ഭര്‍ത്താക്കന്‍മാരില്‍ നിന്ന് ലഭിക്കുന്ന പ്രശംസക്ക് പ്രത്യേക ആസ്വാദനമാണുള്ളത്. പ്രതിരോധിക്കാന്‍ കഴിയാത്ത കാന്തിക ശക്തിപോലെ അതവരെ ആകര്‍ഷിക്കും.

ഇടക്കിടെ അവളെ പ്രശംസിക്കാന്‍ മറക്കരുത്. അവളുടെ സാന്നിദ്ധ്യത്തിലും അല്ലാതെയുമാകാം അത്. കാഴ്ച്ചക്കപ്പുറത്തായിരിക്കുമ്പോള്‍ അവളെ പ്രശംസിക്കുന്നത് കേട്ടാല്‍ അവരെത്ര സന്തോഷിക്കും. വീട്ടില്‍ ആരെങ്കിലും വരുമ്പോള്‍ അവളോട് ഒരു കപ്പ് വെള്ളം ആവശ്യപ്പെടുകയും അവള്‍ അതിനായി പോകുമ്പോള്‍ ഇത്ര നല്ല ഒരു ഇണയെ തന്ന അല്ലാഹുവിന് സ്തുതിയെന്നോ സമാനമായ വാക്കുകളോ പറയുന്നതിന്റെ പേരില്‍ നീയൊരിക്കലും ഖേദിക്കേണ്ടി വരില്ല.

സുന്ദരമായ വാക്കുകള്‍ പ്രയോഗിക്കുക
സ്‌നേഹം നിറഞ്ഞ സുന്ദരമായ വാക്കുകള്‍ എല്ലാ ഭാര്യമാരിലും വളരെ വലിയ സ്വാധീനമാണുണ്ടാക്കുക. 'നിനക്ക് ദീര്‍ഘായുസുണ്ടാവട്ടെ, നീയില്ലാതെ അല്ലാഹുവെന്നെ പ്രയാസപ്പെടുത്താതിരിക്കട്ടെ' തുടങ്ങിയ പ്രയോഗങ്ങള്‍ സ്ത്രീകളെ വളരെയധികം സന്തോഷിപ്പിക്കുന്നതാണ്.

നല്ല കേള്‍വിക്കാരനാവുക
അവള്‍ സംസാരിക്കുമ്പോള്‍ വളരെ ശ്രദ്ധാപൂര്‍വം ശ്രവിക്കുക. പ്രത്യേകിച്ചും പറയുന്ന വിഷയം അവളുടെ പ്രയാസത്തെ സംബന്ധിച്ചാവുകയും അതില്‍ നിങ്ങളുടെ അഭിപ്രായവും കൂടിയാലോചനയും താല്‍പര്യപ്പെടുമ്പോള്‍. അത്തരം സന്ദര്‍ഭങ്ങളില്‍ മുഴുവന്‍ അവയവങ്ങളാലും അത് ശ്രദ്ധിക്കുക. ഇത്തരം സന്ദര്‍ഭങ്ങളില്‍ സ്ത്രീ വളരെ ഉയര്‍ന്ന സംവേദനക്ഷമതയിലായിരിക്കും. പ്രശ്‌നത്തോടുള്ള നിങ്ങളുടെ നിലപാട് വിശദീകരിക്കുകയും അവളോടൊപ്പം നില്‍ക്കുകയും അവളെ ശക്തിപ്പെടുകയും ചെയ്യുന്നുവെന്ന് ബോധ്യപ്പെടുത്തുക. അവളാണ് അതിനുത്തരവാദിയെങ്കില്‍ അവളുടെ തെറ്റ് അവളെ ബോധ്യപ്പെടുത്തുകയും അത് സംഭവിച്ചതില്‍ നിങ്ങളുടെ ദുഖവും വേദനയും പ്രകടിപ്പിക്കുകയും ചെയ്യുക. പ്രശ്‌നം പരിഹരിക്കുന്നതില്‍ നിങ്ങള്‍ക്കുള്ള ശുഭപ്രതീക്ഷ പകര്‍ന്ന നല്‍കുകയും ചെയ്യുക. അതിന്റെ പേരില്‍ അവരോട് ദേഷ്യപ്പെടുകയോ അവളെ വേദനിപ്പിക്കുകയോ ചെയ്യരുത്. അത് അവളോടുള്ള സ്‌നേഹം കൊണ്ടാണെങ്കിലും പ്രശ്‌നം പരിഹരിക്കുന്നതിന് അത് പ്രയോജനപ്പെടുകയില്ല. ദമ്പതികള്‍ക്കിടയിലെ ബന്ധത്തിനും അത് ഗുണം ചെയ്യില്ല. അവരോട് ഐക്യദാര്‍ഢ്യപ്പെടുന്നതില്‍ മറഞ്ഞുകിടക്കുന്ന ഒന്നാണ് സ്‌നേഹമെന്ന് നീ വിശ്വസിക്കണം. അതില്‍ ഏറ്റവും സുപ്രധാനമായ നിലപാടാണ് അവള്‍ പറയുന്നത് കേള്‍ക്കുകയെന്നത്. കേവലം കേട്ടുനില്‍ക്കല്‍ തന്നെ അവള്‍ക്കൊരാശ്വസമാണ്. നിന്നോട് ചോദിക്കുന്നതിന് മുമ്പ് ഒരു പരിഹാരം നിര്‍ദ്ദേശിക്കാന്‍ തിടുക്കം കാണിക്കരുത്. സംഭവങ്ങളുടെ മടുപ്പിക്കുന്ന വിശദീകരണങ്ങള്‍ വെറുക്കുന്ന ഒരാളായിരിക്കാം നിങ്ങള്‍ എന്നാലും ക്ഷമിക്കുക, അത് വിശദീകരിക്കലാണ് അവളുടെ പ്രകൃതമെന്ന് മനസിലാക്കുകയും ചെയ്യുക.

അവള്‍ക്ക് വേണ്ടി അണിഞ്ഞൊരുങ്ങുക
അവള്‍ക്ക് വേണ്ടി ഇടക്കിടക്ക് അണിഞ്ഞൊരുങ്ങേണ്ടതുണ്ട്. അവളെയത് അത്ഭുതപ്പെടുത്തുകയും നാണത്താല്‍ കണ്ണുകള്‍ താഴ്ത്തുകയും ചെയ്യട്ടെ. അത് വലിയ പ്രയാസമുള്ള കാര്യമല്ലെങ്കിലും ദാമ്പത്യജീവിതത്തില്‍ അതുണ്ടാക്കുന്ന ഫലം വളരെ ക്രിയാത്മകമായിരിക്കും. അതിനേക്കാള്‍ നല്ല രൂപത്തില്‍ നിന്റെ മുമ്പില്‍ അണിഞ്ഞൊരുങ്ങാന്‍ അതവളെ പ്രേരിപ്പിക്കും. അല്ലാഹു പറയുന്നു: 'സ്ത്രീകള്‍ക്ക് ബാധ്യതകളുള്ള പോലെ തന്നെ അവകാശങ്ങളുമുണ്ട്.' (അല്‍ബഖറ: 228) 

സ്ത്രീകളെക്കാള്‍ പുരുഷന്‍മാര്‍ വഴിവിട്ട ജീവിതം നയിക്കുന്ന ഇക്കാലത്ത് അവള്‍ പതിവ്രതയാണെന്ന് പറയാന്‍ നിനക്ക് സാധിക്കണം എന്നതാണ് പ്രധാനം. ഹിജാബ് ധരിച്ചാലും തങ്ങളുടെ സൗന്ദര്യം പ്രകടിപ്പിക്കാന്‍ സ്ത്രീകള്‍ കാണിക്കുന്ന താല്‍പര്യത്തെകുറിച്ച് നീ ചിന്തിച്ചിട്ടുണ്ടോ? മറ്റുള്ളവരെ തന്നിലേക്ക് ആകര്‍ഷിക്കാനുളള അവരുടെ താല്‍പര്യം കൊണ്ടാണത്. നീ അണിഞ്ഞൊരുങ്ങുമ്പോള്‍ ഭാര്യ ആകൃഷ്ടയാവുകയും നിന്നെ ആകര്‍ഷിക്കുന്നതിനുമാണ് അത് ചെയ്യേണ്ടത്. മറ്റുള്ളവരുടെ ശ്രദ്ധ തന്നിലേക്കാര്‍ഷിക്കാനുള്ള അവളുടെ ശ്രമത്തെ ഇതിലൂടെ നിനക്ക് മാറ്റിയെടുക്കാം.

0 comments:

Post a Comment

 

Meet The Author

Hi there, i'm Isham Azad, am a Web Developer and Designer From Bangalore. If You Want to Know More About Me Here My Official Website Link Click and Check it :) Click here for My Official Website "The web should be free from annoying distractions"

Contact Form

Name

Email *

Message *

Total Pageviews

Isham Azad Official Facebook Page  I-Web (Web Solution) Quit Smoking Have a Normal Life Dude  I Miss You